Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
1 Kings 20
20 / 22
1
അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമൎയ്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
2
അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു:
3
നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദൎയ്യമേറിയ ഭാൎയ്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു.
4
അതിന്നു യിസ്രായേൽരാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.
5
ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാൎയ്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ;
6
നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.
7
അപ്പോൾ യിസ്രായേൽരാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തി: അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിൻ; എന്റെ ഭാൎയ്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു.
8
എല്ലാമൂപ്പന്മാരും സകലജനവും അവനോടു: നീ കേൾക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.
9
ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോടു: നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാൎയ്യം എനിക്കു ചെയ്‌വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു
10
ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈക്കു ഓരോ പിടിവാരുവാൻ ശമൎയ്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.
11
അതിന്നു യിസ്രായേൽരാജാവു: വാൾ അരെക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിൻ എന്നു ഉത്തരം പറഞ്ഞു.
12
എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടു: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.
13
എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്നു അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
14
ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്നു: നീ തന്നേ എന്നു അവൻ ഉത്തരം പറഞ്ഞു.
15
അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു.
16
അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചുമത്തനായിരുന്നു.
17
ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമൎയ്യയിൽനിന്നു ആളുകൾ വരുന്നുണ്ടെന്നു അറിവുകിട്ടി.
18
അപ്പോൾ അവൻ: അവർ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു.
19
പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടൎന്നുപോന്ന സൈന്യവും ആയിരുന്നു.
20
അവർ ഓരോരുത്തൻ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടൎന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
21
പിന്നെ യിസ്രായേൽരാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
22
അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നു അവനോടു: ധൈൎയ്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
23
അരാംരാജാവിനോടു അവന്റെ ഭൃത്യന്മാർ പറഞ്ഞതു: അവരുടെ ദേവന്മാർ പൎവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവർ നമ്മെ തോല്പിച്ചതു; സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
24
അതുകൊണ്ടു നീ ഒരു കാൎയ്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവൎക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം.
25
പിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങൾക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊൾക; എന്നിട്ടു നാം സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവൻ അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.
26
പിറ്റെ ആണ്ടിൽ ബെൻ-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ അഫേക്കിന്നു പുറപ്പെട്ടുവന്നു.
27
യിസ്രായേല്യരെയും എണ്ണിനോക്കി; അവർ ഭക്ഷണപദാൎത്ഥങ്ങൾ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യർ ആട്ടിൻകുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.
28
ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പൎവ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യർ പറകകൊണ്ടു ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.
29
എന്നാൽ അവർ അവരുടെ നേരെ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.
30
ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്കു ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയിൽ ഒളിച്ചു.
31
അവന്റെ ഭൃത്യന്മാർ അവനോടു: യിസ്രായേൽ ഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ടു; ഞങ്ങൾ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
32
അങ്ങനെ അവർ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു: എന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ എന്നു പറഞ്ഞു.
33
ആ പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.
34
അവൻ അവനോടു: എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമൎയ്യയിൽ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിന്നു ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
35
എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന്നു അവനെ അടിപ്പാൻ മനസ്സായില്ല.
36
അവൻ അവനോടു: നീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
37
പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
38
പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു.
39
രാജാവു കടന്നു പോകുമ്പോൾ അവൻ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞു എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
40
എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോൾ അവനെ കാണാതെപോയി. അതിന്നു യിസ്രായേൽരാജാവു അവനോടു: നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീൎച്ചയാക്കിയല്ലോ എന്നു പറഞ്ഞു.
41
തൽക്ഷണം അവൻ കണ്ണിന്മേൽനിന്നു തലപ്പാവു നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവു അറിഞ്ഞു.
42
അവൻ അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിന്നായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവൻ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
43
അതുകൊണ്ടു യിസ്രായേൽരാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമൎയ്യയിൽ എത്തി.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books